Wednesday, November 13, 2013

പ്രണയം

ഒരു നിമിഷത്തിന്റെ ചെറുകടാക്ഷം..
അരിയ നിൻ നേത്രത്തിലിമയനക്കം
നിറയുവതെങ്ങും അലനുരയായ് , എൻ
ഹൃദയതടാകത്തിൽ തിരയിളക്കം

മണിമിഴി  നീട്ടുന്നൊരലർശരത്താൽ 
മമനഖരം മീട്ടി  മദനകാവ്യം
മൊഴികളിൽ വിങ്ങും നിൻ  കദനഭാരം
മഴനിഴൽ മേഘങ്ങൾ  ഇരുളുമെന്നിൽ

അരികിലിരുന്നാൽ  ഉയരുവതെങ്ങും
കുളിർ മഴ പോലേ  നിൻ വളകിലുക്കം
അഴിയുമി കേശാഗ്രമിഴയുമെന്നിൽ 
പൊഴിയുവതെന്തെന്തു  പുതുവസന്തം

പ്രണയവുമായ്  എന്നുമുണരുമല്ലോ
പ്രഭ ചൊരിയുന്നെന്നിൽ  മകരസന്ധ്യ  
പ്രകൃതി  നിറങ്ങൾക്കു  മിഴിവതേറ്റും 
പലകുറി ,നീയെന്നുമരികിലെത്തും  


ഒരു മധുരാകാര മൃദുമരന്ദം     
വിരിയുമെൻ മോഹത്തിൽ കുടിയിരുന്നൂ   
സിരകളിൽ നീന്തും ശതശകുലങ്ങൾ
പ്രളയപയോധിയ്ക്ക് നടുവിൽ നിൽപ്പൂ   

പ്രണയമനുസ്യൂതമുണരുമെന്നാൽ 
പറയുവതുൾക്കാമ്പിലൊടുവിലാരോ       
പ്രണയിനി  നീയെന്റെ  മനസിൻ  ഗംഗാ 
പുളിനമണഞ്ഞോരു കനവു മാത്രം.

Wednesday, December 16, 2009

നഗരത്തിലെ മഴ (വൃത്തം : ജ്വാല)

നരച്ച പട്ടണത്തിലീ-
യിരുണ്ട മേഘസഞ്ചയം
കടുത്തൊരാധികള്‍ തരും
കറുത്ത പേമഴക്കുടം

അഴുക്കു ചാലുകള്‍ക്കകം
നുരഞ്ഞു പൊങ്ങുമാ ജലം
വിഴുപ്പുകെട്ടുകള്‍ തരും
മരിച്ച ഭാവി തന്‍ നിറം

കറുത്ത രാത്രികള്‍ പെറും
കടുത്തൊരീ വിശപ്പിനെ
നിവര്‍ന്നു നീണ്ടതാം പകല്‍
കുടിച്ചു തീര്‍ക്കയാണിതാ

ഒഴുക്കിലങ്ങെടുത്തുപോയ്
പലര്‍ക്കുമാളുമന്നവും
അഴുക്കിനുള്ളില്‍ നിന്നതാ
തിമിര്‍ത്തു രോഗബീജവും

വെളുത്ത, വന്‍പുഴുക്കളായ്
നുളയ്ക്കുമീ മനുഷ്യരോ
തിരക്കിയങ്ങുമിങ്ങുമേ
നിലച്ചുപോയ്‌ ഗതാഗതം.

കരിഞ്ഞ ഗന്ധമിന്ധനം
നിറഞ്ഞൊരോട തന്‍ നിറം
കുഴഞ്ഞിരുണ്ട ചേരികള്‍
വിശന്നുനോവുമാളുകള്‍

കൊഴുക്കയാണു പട്ടണം
കുതിയ്ക്കയാണു ജീവിതം
അഴുക്കിനൊപ്പമീമഴ-
യ്ക്കൊടുക്കമെന്തു ബാക്കിയാം .

പുറത്തുപെയ്തു തീരുമീ
കറുത്ത തുള്ളികള്‍ക്കിടെ
കൊഴിഞ്ഞു വീഴ്കയാണിതാ
നനുത്തൊരീ സുമങ്ങളും

Sunday, February 24, 2008

കാരാഗൃഹം

നോവിന്‍ കരിമ്പടം വാരിപ്പുതച്ചു ഞാ-
നീരാവിലിന്നും ഉറങ്ങാതിരിക്കവേ.
നീര്‍മാതളത്തിന്റെ ചില്ലകള്‍ ചുംബിച്ചു
നീളും വെളിച്ചമെന്‍ കാരാഗൃഹത്തിലും.

നാഴികയ്ക്കൊപ്പം ചുരുങ്ങും നിഴല്‍നൃത്ത-
നാടകം കണ്ടു മയങ്ങാന്‍ കിടക്കവേ
നേരിന്‍ വെളിച്ചപ്പിളര്‍പ്പുകള്‍ വീണെന്റെ
മേനിയിലാകെ പടരും നിലാക്കുളിര്‍

രാവിന്‍ നിശബ്ദതക്കപ്പുറം കേള്‍ക്കുന്ന
വാതില്‍ ഞരക്കങ്ങളില്ലാത്ത രാത്രികള്‍
താഴിന്‍ തുരുമ്പിച്ച ദ്വാരത്തിനിപ്പുറം
വാതായനങ്ങള്‍ തുറക്കാത്ത നാളുകള്‍

ആരോ നടന്നടുക്കുന്നതും മേല്‍ക്കുമേ-
ലാരോ വഴക്കടിക്കുന്നതും കേട്ടുവോ
ആവില്ല കാരാഗൃഹത്തിന്റെ നീളുന്ന
പായല്‍ പിടിച്ചോരിടനാഴി ശൂന്യമാം.

ആരാണടച്ചിട്ടതെന്നെയിക്കല്‍ത്തുറു-
ങ്കാരോ തുറന്നേക്കുമെന്നോ വിലങ്ങുകള്‍.
ആരോപണങ്ങള്‍ക്കുമേല്‍ വിധിച്ചെന്നെയി-
ക്കാരാഗൃഹത്തിലടച്ചിട്ടതാരൊരാള്‍

ആരും തുറക്കാത്ത വാതിലിന്നിപ്പുറം
ജാലകക്കാഴ്ച്ചകള്‍ നഷ്ടമാവുന്നതും
നീളുന്ന ചാന്ദ്രീകവീചികള്‍ക്കൊപ്പമെന്‍
മോഹങ്ങളൊക്കെത്തറയില്‍ പതിഞ്ഞതും

നീറുന്ന നോവുകള്‍ക്കിപ്പുറത്തേക്കൊരു
പറാവുകാരനും വന്നില്ലിതുവഴി
കേട്ടു ഞാനിന്നു വിചിത്രം മഹാത്ഭുതം
താക്കോല്‍ കിലുങ്ങിന്നുതെന്‍ തലക്കീഴിലായ് !

പൊട്ടക്കിണറ്റിലെ മണ്ഡൂക ചിന്തകള്‍
പെട്ടെന്ന് ലോകത്തിലെത്താന്‍ കൊതിച്ചുപോയ്
കുങ്കുമമെന്നും ചുമന്നോരു ഗര്‍ദ്ദഭം
കേട്ടില്ല താക്കോല്‍ക്കിലുക്കമെന്തിത്രനാള്‍?

ഇക്കെട്ടിനപ്പുറം ലോകമുണ്ടെന്നതും
ഇന്നെത്രമേല്‍ മാറിയിട്ടുണ്ടാമതെന്നും
കാണാന്‍ കൊതിക്കും മുഖങ്ങള്‍ക്കിടയിലായ്
ആ മുഖം മാത്രമെന്‍ തെറ്റിന്റെ വേദന.

വന്നീല കാണുന്നതിന്നായൊരിക്കലും
എന്നുമേ കാത്തിരുന്നീയിരുള്‍ക്കൂട്ടിലും
ഇന്നുമീ കാരാഗൃഹത്തിന്നുമപ്പുറം
എന്നെയും കാത്തവള്‍ നില്‍പ്പതുണ്ടാവുമോ?

Friday, February 08, 2008

പ്രഭാതം

പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്‍ക്കുമ്പോള്‍

വ്രീളാവതിയാം നിളയുടെ തീരം
നൂപുരമണിയുമ്പോള്‍
കളകളമൊഴുകും പുഴതന്‍ നാദം
ബിലഹരി മൂളുമ്പോള്‍

നീരദമണിയും നീലാംബരികള്‍
നീര്‍മണിപ്പൂവുകളായ്‌
നീലനഭസ്സിനെ നോക്കിച്ചിരിക്കും
നീള്‍മിഴിയിതളുകളായ്‌..

നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ

Tuesday, February 05, 2008

മിഴികള്‍.

കഥകളുറങ്ങുന്ന കണ്ണില്‍
കനവുകള്‍ പൂക്കുന്ന നേരം
കരിമഷിയോലും നിന്‍ നോക്കില്‍
കവിതകള്‍ തീര്‍ക്കുന്നതാരോ?

മൊഴികളിടറുന്നുവെന്നാല്‍
മിഴികളില്‍ വിങ്ങുന്നു പ്രണയം
പ്രണയഭാരം കൊണ്ടു വീണ്ടും
ഇമകളില്‍ തങ്ങും നീഹാരം.

വിരിയുവതേഴു നിറങ്ങള്‍
പറയുവതേതു സ്വരങ്ങള്‍
പറയാതെ പറയുന്നുവെന്നും
നിന്‍ മിഴികളെനിക്കെന്നും പ്രിയം.

Sunday, December 24, 2006

മഴ : ഭാവം നാല്‌-ഏകാന്തം

ആവര്‍ത്തനം
=======
പുറത്തു ജനാല്‍ച്ചില്ലില്‍ മഴനീര്‍ക്കണങ്ങള്‍ തട്ടി-
യകത്തെന്‍ ചിന്താമേഘശകലങ്ങളുയിര്‍ക്കവേ
നീളുമീ രാത്രിയൊരു നിലാപ്പക്ഷി തന്‍ ഗീതമാ-
യെന്നാരാമപുഷ്പങ്ങളെ താന്തമായ്‌ തലോടവേ

വെറുതെയോര്‍ത്തു പോകയായ്‌ ഞാനീ മഴ-
യിവിടെയെന്നാണാദ്യം പെയ്യാന്‍ തുടങ്ങീ
കഴിഞ്ഞതെത്രാമത്തെ മഴയാവും, ഈ
കണങ്ങളെന്‍ ജനാലയ്ക്കലെത്രാമതാം?

മഴക്കുമപ്പുറത്തെന്തറിഞ്ഞില്ലെന്‍ ജനാലയും
മലര്‍ക്കെത്തുറക്കാനല്ലാതെന്തു നാം പഠിച്ചതേ?
പെയ്തുതോര്‍ന്നതിന്‍ ശേഷം വീണ്ടുമെന്നു നീ വരുമെ-
ന്നു ഖിന്നമായ്‌ ചോദ്യങ്ങളുതിര്‍ത്തു പോന്നെന്നും നമ്മള്‍.

വെറുതെയാവര്‍ത്തിയ്ക്കയാണെന്നുമെന്നാകിലും നിന്‍
തരളമാം ഭാവമെന്നും നവമായ്‌ തോന്നുന്നുണ്ടാം
നനുത്ത മണ്‍തിട്ടിലും പുല്ലിലും പരപ്പിലും നീ
നുരയ്ക്കും തിരമാലയ്ക്കുള്ളിലും നിറയുന്നുണ്ടാം.

ആയിരം കണങ്ങളെത്ര യുഗങ്ങളായ്‌
ആവര്‍ത്തനത്തിന്‍ മാത്രകളെണ്ണുന്നുണ്ടാം
എത്രയോ കല്‍പങ്ങളില്‍ ജനല്‍ച്ചില്ലുകള്‍
വര്‍ത്തമാനത്തിന്‍ മഴകളേറ്റിട്ടുണ്ടാം

നേര്‍ത്തുവോ മഴയതിന്‍ ശബ്ദവും വികാരവും
ആര്‍ത്തലച്ചെന്നാവുമിനിയടുത്ത സന്ദര്‍ശനം ?
ഓര്‍ത്തുപോകുന്നൂ ഞാനാദ്യത്തെ മഴതന്‍
നേര്‍ത്ത നാദം പിറന്നതെന്നായിരുന്നൂ..

എവിടെയോ മഴകളെന്നും പെയ്തുകൊണ്ടിരുന്നൂ
പുഴകളില്‍, പാടങ്ങളില്‍, പാടലീപുത്രങ്ങളില്‍
ഇരവിലാദിയില്‍, ഇടയില്‍, അന്തിനേരങ്ങളില്‍
ഇവിടെയിപ്പോഴവസാനമെന്‍ ജനല്‍ച്ചില്ലിലും..

ചിതറും ചിന്തയും, പുറത്തു പെയ്യും മരങ്ങളും
വെറുതെയെന്തിനോവേണ്ടിപ്പെയ്തു മറയും മേഘങ്ങളും
കുറിച്ചതെന്തീ വരണ്ട മണ്ണിലും നിലാവിലും
നിറച്ചതെന്തെന്‍ തളര്‍ന്ന കണ്ണിലും മനസ്സിലും...

Wednesday, November 15, 2006

മഴ: ഭാവം മൂന്ന്-പ്രണയം.

നിലാവ്‌
======

മഴ പെയ്തുതോര്‍ന്നൊരീ രാത്രിയില്‍
നിലാവിനെന്തൊരഴകാണു തോഴീ
കുളികഴിഞ്ഞീറനാം നിന്‍ മുടി-
ക്കെട്ടിലെക്കുടമുല്ലമൊട്ടിനെപ്പോലെ.

അരികത്തുപൂത്തുനില്‍ക്കുന്നൊരീ
നിശാഗന്ധിക്കെന്തു മസ്രുണമാം ഗന്ധം.
നിന്‍ നിറവാര്‍ന്നൊരുള്‍ക്കാമ്പിലെനി-
യ്ക്കായ്‌ പൂത്ത പ്രണയപുഷ്പങ്ങള്‍ പോലെ.

അകലെയെവിടെയോ കേള്‍ക്കുമാ
രാക്കിളിപ്പാട്ടിന്നതേ സ്വരം
നീയനുരാഗലോലയായെനി-
യ്കായ്‌ തീര്‍ത്ത പ്രണയഗീതങ്ങള്‍ പോലെ.

തരുനിരകള്‍ക്കിടയിലൂടെന്നി-
ലിറ്റു വീഴുന്നൊരീ മഴനീര്‍ക്കണം
നിന്‍ പ്രണയാര്‍ദ്രമൊരു ചുംബന-
ത്തിന്‍ നേര്‍ത്ത മധുരഭാവങ്ങള്‍ പൊലെ.

ഇടയ്ക്കു മന്ദം മൂളിയെത്തുന്ന
കാറ്റിന്‍ സ്നേഹമൃദുലമാം സ്പര്‍ശം
നിന്‍ മൂകസാന്ത്വനം പേറുമൊരു
നേര്‍ത്ത കരലാളനത്തിന്റെ സൌഖ്യം.

നിന്റെ വികാരങ്ങളടിമുടി-
യുള്‍ക്കൊണ്ടു പൂത്തുനില്‍ക്കുന്നൂ പ്രക്രുതി.
നിന്റെ പ്രണയത്തിനടിപ്പെട്ടു
പോയതെന്റെ മുജ്ജന്മത്തിന്റെ സുക്രുതം.

വെറുതെയാശിച്ചുപോയീ ഞാനും
ഈ നിലാവു മറയാതിരുന്നെങ്കില്‍
ഈ രാവിനിപ്പുലരാതിരുന്നെങ്കി-
ലീ പ്രണയം മരിയ്ക്കാതിരുന്നെങ്കില്‍...