Sunday, December 24, 2006

മഴ : ഭാവം നാല്‌-ഏകാന്തം

ആവര്‍ത്തനം
=======
പുറത്തു ജനാല്‍ച്ചില്ലില്‍ മഴനീര്‍ക്കണങ്ങള്‍ തട്ടി-
യകത്തെന്‍ ചിന്താമേഘശകലങ്ങളുയിര്‍ക്കവേ
നീളുമീ രാത്രിയൊരു നിലാപ്പക്ഷി തന്‍ ഗീതമാ-
യെന്നാരാമപുഷ്പങ്ങളെ താന്തമായ്‌ തലോടവേ

വെറുതെയോര്‍ത്തു പോകയായ്‌ ഞാനീ മഴ-
യിവിടെയെന്നാണാദ്യം പെയ്യാന്‍ തുടങ്ങീ
കഴിഞ്ഞതെത്രാമത്തെ മഴയാവും, ഈ
കണങ്ങളെന്‍ ജനാലയ്ക്കലെത്രാമതാം?

മഴക്കുമപ്പുറത്തെന്തറിഞ്ഞില്ലെന്‍ ജനാലയും
മലര്‍ക്കെത്തുറക്കാനല്ലാതെന്തു നാം പഠിച്ചതേ?
പെയ്തുതോര്‍ന്നതിന്‍ ശേഷം വീണ്ടുമെന്നു നീ വരുമെ-
ന്നു ഖിന്നമായ്‌ ചോദ്യങ്ങളുതിര്‍ത്തു പോന്നെന്നും നമ്മള്‍.

വെറുതെയാവര്‍ത്തിയ്ക്കയാണെന്നുമെന്നാകിലും നിന്‍
തരളമാം ഭാവമെന്നും നവമായ്‌ തോന്നുന്നുണ്ടാം
നനുത്ത മണ്‍തിട്ടിലും പുല്ലിലും പരപ്പിലും നീ
നുരയ്ക്കും തിരമാലയ്ക്കുള്ളിലും നിറയുന്നുണ്ടാം.

ആയിരം കണങ്ങളെത്ര യുഗങ്ങളായ്‌
ആവര്‍ത്തനത്തിന്‍ മാത്രകളെണ്ണുന്നുണ്ടാം
എത്രയോ കല്‍പങ്ങളില്‍ ജനല്‍ച്ചില്ലുകള്‍
വര്‍ത്തമാനത്തിന്‍ മഴകളേറ്റിട്ടുണ്ടാം

നേര്‍ത്തുവോ മഴയതിന്‍ ശബ്ദവും വികാരവും
ആര്‍ത്തലച്ചെന്നാവുമിനിയടുത്ത സന്ദര്‍ശനം ?
ഓര്‍ത്തുപോകുന്നൂ ഞാനാദ്യത്തെ മഴതന്‍
നേര്‍ത്ത നാദം പിറന്നതെന്നായിരുന്നൂ..

എവിടെയോ മഴകളെന്നും പെയ്തുകൊണ്ടിരുന്നൂ
പുഴകളില്‍, പാടങ്ങളില്‍, പാടലീപുത്രങ്ങളില്‍
ഇരവിലാദിയില്‍, ഇടയില്‍, അന്തിനേരങ്ങളില്‍
ഇവിടെയിപ്പോഴവസാനമെന്‍ ജനല്‍ച്ചില്ലിലും..

ചിതറും ചിന്തയും, പുറത്തു പെയ്യും മരങ്ങളും
വെറുതെയെന്തിനോവേണ്ടിപ്പെയ്തു മറയും മേഘങ്ങളും
കുറിച്ചതെന്തീ വരണ്ട മണ്ണിലും നിലാവിലും
നിറച്ചതെന്തെന്‍ തളര്‍ന്ന കണ്ണിലും മനസ്സിലും...

5 comments:

ഹരിശ്രീ said...

മഴ : ഭാവം നാല്‌-ഏകാന്തം
[ ഏകാന്തതയില്‍ ഒരു മഴ ഉണര്‍ത്തിവിട്ട വിചാരവികാരങ്ങളിലൂടെ ]

Physel said...

ഹരീ, നന്നായി

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഹരി ശ്രീ

നിറയുമെന്‍ നോവിന്‍ മനസ്സുകളില്‍
ഞാനറിയതെ എന്നിലലിഞൊരെന്‍
മഴകണങ്ങളെ....
നീ പകരും സ്നേഹകുളിരില്‍
മയങ്ങിയുറങ്ങി ഞാന്‍


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

ശിശിരമായ്‌ ഒഴുകുമീ പ്രണയങ്ങളെ
ഹിമകണമായ്‌ ഉരുകിയൊലിക്കരുതെ
നിലാവ്‌ പോല്‍ ഉദിച്ചുയരും സ്നേഹമേ
ഇരുളായ്‌ നീ മറയരുതെ
നോവിന്‍ മിഴിനീര്‍ കണങ്ങളെ
പെയ്യ്‌തിറങ്ങു....മഴത്തുള്ളി കളായ്‌

Geetha Geethikal said...

ഹരിശ്രീ, മഴയുടെ നാലു ഭാവങ്ങളും വായിച്ചു.
ഏറ്റവും ഇഷ്ടമായത് ആ പ്രണയഭാവം...

പിന്നെ മസൃണം, പ്രകൃതി, സുകൃതം എന്നൊക്കെ ശരിയായി വരാന്‍, താഴെ പറയുന്നപോലെ മംഗ്ലീഷ് ടൈപ്
ചെയ്യുക.

masR^Nam, pRakR^thi, sukR^tham

പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ വേണ്ടെന്ന് വച്ചെങ്കില്‍ കൂടുതല്‍ കമന്റുകള്‍കിട്ടിയേനേ......