Wednesday, August 16, 2006

മഴ : ഭാവം ഒന്ന് - വിരഹം

ഒരു കുയിലിന്റെ കാത്തിരിപ്പ്‌
===================
ഋതുമാറി മഴമേഘമൊരു രാത്രികാലേ
പ്രഥമപ്രവാഹത്തിനഭിവാഞ്ഛയുമായ്‌
ഒളിതൂകിനില്‍ക്കുമാ ചാരുശശിബിംബം
പതിയേ മറച്ചുകൊണ്ടെത്തിനോക്കി.

വരവിന്റെ ദൂതുമായൊരുകൊച്ചുതെന്നല്‍
മയങ്ങും തരുക്കളെ തഴുകിപ്പറന്നു
വനരാജി നിനയാതെ വന്ന മഴമുത്തുകളെ
നടമാടിയിലകളിലേറ്റു വാങ്ങി.

രാവിന്റെ മാറില്‍ തലചായ്ച്ചുറങ്ങും
ആണ്‍കുയില്‍ മഴയില്‍ കുതിര്‍ന്നു
കോകിലമാ മൃദുസ്പര്‍ശനത്തില്‍
ഗതകാലസ്വപ്നങ്ങള്‍ വിട്ടുണര്‍ന്നു.

രാവിന്‍ നിശബ്ദത ഭേദിച്ചുകൊണ്ട-
ലറുന്ന മഴയില്‍ വെറുതേ
മഴയെശ്ശപിക്കുവാനറിയാതെ പാവം
കുയിലേകനായ്‌ കരഞ്ഞൂ.

ഇനിയിണക്കുയിലിനെത്തേടിയെന്‍
കുയില്‍നാദമുയരില്ല, ചില്ലയില്‍
കൊക്കുരുമ്മാനിനിയിണപ്പക്ഷിയെത്തില്ല, വീണ്ടും
കുയിലേകനായ്‌ വിതുമ്പീ.

ഇനിയെത്ര ദൂരം വസന്തത്തിലേയ്ക്കെ-
ന്നറിയാതെ വ്യര്‍ത്ഥമാം വഴിക്കണ്ണുമായ്‌
കുയില്‍നാദമില്ലാതെ, കളഗാനമില്ലാതെ
കാത്തിരിക്കുന്നു ഞാന്‍ നിന്നെ.

1 comment:

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഹരി ശ്രീ

ഈ മധുരത്തിന്‍ മഴ മൊഴികള്‍
പ്രണയ മൊഴികളായ്‌ വിടര്‍ന്നെങ്കില്‍

ഹരി..ഈ വാക്കുകളെല്ലം ചിത്രങ്ങളില്‍ ചെയ്തു മഴത്തുള്ളികിലുക്കത്തില്‍ പോസ്റ്റ്‌ ചെയ്യണം..ഓക്കെ

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു