Sunday, February 24, 2008

കാരാഗൃഹം

നോവിന്‍ കരിമ്പടം വാരിപ്പുതച്ചു ഞാ-
നീരാവിലിന്നും ഉറങ്ങാതിരിക്കവേ.
നീര്‍മാതളത്തിന്റെ ചില്ലകള്‍ ചുംബിച്ചു
നീളും വെളിച്ചമെന്‍ കാരാഗൃഹത്തിലും.

നാഴികയ്ക്കൊപ്പം ചുരുങ്ങും നിഴല്‍നൃത്ത-
നാടകം കണ്ടു മയങ്ങാന്‍ കിടക്കവേ
നേരിന്‍ വെളിച്ചപ്പിളര്‍പ്പുകള്‍ വീണെന്റെ
മേനിയിലാകെ പടരും നിലാക്കുളിര്‍

രാവിന്‍ നിശബ്ദതക്കപ്പുറം കേള്‍ക്കുന്ന
വാതില്‍ ഞരക്കങ്ങളില്ലാത്ത രാത്രികള്‍
താഴിന്‍ തുരുമ്പിച്ച ദ്വാരത്തിനിപ്പുറം
വാതായനങ്ങള്‍ തുറക്കാത്ത നാളുകള്‍

ആരോ നടന്നടുക്കുന്നതും മേല്‍ക്കുമേ-
ലാരോ വഴക്കടിക്കുന്നതും കേട്ടുവോ
ആവില്ല കാരാഗൃഹത്തിന്റെ നീളുന്ന
പായല്‍ പിടിച്ചോരിടനാഴി ശൂന്യമാം.

ആരാണടച്ചിട്ടതെന്നെയിക്കല്‍ത്തുറു-
ങ്കാരോ തുറന്നേക്കുമെന്നോ വിലങ്ങുകള്‍.
ആരോപണങ്ങള്‍ക്കുമേല്‍ വിധിച്ചെന്നെയി-
ക്കാരാഗൃഹത്തിലടച്ചിട്ടതാരൊരാള്‍

ആരും തുറക്കാത്ത വാതിലിന്നിപ്പുറം
ജാലകക്കാഴ്ച്ചകള്‍ നഷ്ടമാവുന്നതും
നീളുന്ന ചാന്ദ്രീകവീചികള്‍ക്കൊപ്പമെന്‍
മോഹങ്ങളൊക്കെത്തറയില്‍ പതിഞ്ഞതും

നീറുന്ന നോവുകള്‍ക്കിപ്പുറത്തേക്കൊരു
പറാവുകാരനും വന്നില്ലിതുവഴി
കേട്ടു ഞാനിന്നു വിചിത്രം മഹാത്ഭുതം
താക്കോല്‍ കിലുങ്ങിന്നുതെന്‍ തലക്കീഴിലായ് !

പൊട്ടക്കിണറ്റിലെ മണ്ഡൂക ചിന്തകള്‍
പെട്ടെന്ന് ലോകത്തിലെത്താന്‍ കൊതിച്ചുപോയ്
കുങ്കുമമെന്നും ചുമന്നോരു ഗര്‍ദ്ദഭം
കേട്ടില്ല താക്കോല്‍ക്കിലുക്കമെന്തിത്രനാള്‍?

ഇക്കെട്ടിനപ്പുറം ലോകമുണ്ടെന്നതും
ഇന്നെത്രമേല്‍ മാറിയിട്ടുണ്ടാമതെന്നും
കാണാന്‍ കൊതിക്കും മുഖങ്ങള്‍ക്കിടയിലായ്
ആ മുഖം മാത്രമെന്‍ തെറ്റിന്റെ വേദന.

വന്നീല കാണുന്നതിന്നായൊരിക്കലും
എന്നുമേ കാത്തിരുന്നീയിരുള്‍ക്കൂട്ടിലും
ഇന്നുമീ കാരാഗൃഹത്തിന്നുമപ്പുറം
എന്നെയും കാത്തവള്‍ നില്‍പ്പതുണ്ടാവുമോ?

8 comments:

ഹരിശ്രീ (ശ്യാം) said...

നോവിന്‍ കരിമ്പടം വാരിപ്പുതച്ചു ഞാ-
നീരാവിലിന്നും ഉറങ്ങാതിരിക്കവേ.
നീര്‍മാതളത്തിന്റെ ചില്ലകള്‍ ചുംബിച്ചു
നീളും വെളിച്ചമെന്‍ കാരാഗൃഹത്തിലും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശൂന്യമായ ഇടനാഴിയില്‍ കാത്തിരിക്കുന്നുണ്ടാവും ചിലപ്പോള്‍...

ഹാരിസ് said...

മാസമൊന്നു നീണ്ട വനവാസം കഴിഞ്ഞു വന്നപ്പോള്‍ എത്ര നല്ല കവിതകള്‍ നഷ്ട്ടമായി

ദിലീപ് വിശ്വനാഥ് said...

വന്നീല കാണുന്നതിന്നായൊരിക്കലും
എന്നുമേ കാത്തിരുന്നീയിരുള്‍ക്കൂട്ടിലും
ഇന്നുമീ കാരാഗൃഹത്തിന്നുമപ്പുറം
എന്നെയും കാത്തവള്‍ നില്‍പ്പതുണ്ടാവുമോ?

ഉണ്ടാവും...

നല്ല വരികള്‍.

ഗീത said...

കാരാഗൃഹത്തിനു പുറത്തവള്‍ കാത്തുനില്‍പ്പുണ്ടെന്നു തന്നെ വിശ്വസിക്കു, ഹരീ...
വിശ്വാസം രക്ഷിക്കും.....
(തെറ്റു ചെയ്യുന്നതിനു മുന്‍പ് ഓര്‍ക്കണ്ടെ, ചിലപ്പോള്‍ കാരാഗൃ ഹത്തിലൊക്കെ അടച്ചേയ്ക്കുമെന്ന്‌)

ഹരിശ്രീ said...

നല്ല വരികള്‍.


:)

Sureshkumar Punjhayil said...

Good Work... Best Wishes...!!!

ശ്രീ said...

ഇത് ഇപ്പഴാണ് ശ്രദ്ധിയ്ക്കുന്നത്.

നന്നായിരിയ്ക്കുന്നു.