Sunday, December 24, 2006

മഴ : ഭാവം നാല്‌-ഏകാന്തം

ആവര്‍ത്തനം
=======
പുറത്തു ജനാല്‍ച്ചില്ലില്‍ മഴനീര്‍ക്കണങ്ങള്‍ തട്ടി-
യകത്തെന്‍ ചിന്താമേഘശകലങ്ങളുയിര്‍ക്കവേ
നീളുമീ രാത്രിയൊരു നിലാപ്പക്ഷി തന്‍ ഗീതമാ-
യെന്നാരാമപുഷ്പങ്ങളെ താന്തമായ്‌ തലോടവേ

വെറുതെയോര്‍ത്തു പോകയായ്‌ ഞാനീ മഴ-
യിവിടെയെന്നാണാദ്യം പെയ്യാന്‍ തുടങ്ങീ
കഴിഞ്ഞതെത്രാമത്തെ മഴയാവും, ഈ
കണങ്ങളെന്‍ ജനാലയ്ക്കലെത്രാമതാം?

മഴക്കുമപ്പുറത്തെന്തറിഞ്ഞില്ലെന്‍ ജനാലയും
മലര്‍ക്കെത്തുറക്കാനല്ലാതെന്തു നാം പഠിച്ചതേ?
പെയ്തുതോര്‍ന്നതിന്‍ ശേഷം വീണ്ടുമെന്നു നീ വരുമെ-
ന്നു ഖിന്നമായ്‌ ചോദ്യങ്ങളുതിര്‍ത്തു പോന്നെന്നും നമ്മള്‍.

വെറുതെയാവര്‍ത്തിയ്ക്കയാണെന്നുമെന്നാകിലും നിന്‍
തരളമാം ഭാവമെന്നും നവമായ്‌ തോന്നുന്നുണ്ടാം
നനുത്ത മണ്‍തിട്ടിലും പുല്ലിലും പരപ്പിലും നീ
നുരയ്ക്കും തിരമാലയ്ക്കുള്ളിലും നിറയുന്നുണ്ടാം.

ആയിരം കണങ്ങളെത്ര യുഗങ്ങളായ്‌
ആവര്‍ത്തനത്തിന്‍ മാത്രകളെണ്ണുന്നുണ്ടാം
എത്രയോ കല്‍പങ്ങളില്‍ ജനല്‍ച്ചില്ലുകള്‍
വര്‍ത്തമാനത്തിന്‍ മഴകളേറ്റിട്ടുണ്ടാം

നേര്‍ത്തുവോ മഴയതിന്‍ ശബ്ദവും വികാരവും
ആര്‍ത്തലച്ചെന്നാവുമിനിയടുത്ത സന്ദര്‍ശനം ?
ഓര്‍ത്തുപോകുന്നൂ ഞാനാദ്യത്തെ മഴതന്‍
നേര്‍ത്ത നാദം പിറന്നതെന്നായിരുന്നൂ..

എവിടെയോ മഴകളെന്നും പെയ്തുകൊണ്ടിരുന്നൂ
പുഴകളില്‍, പാടങ്ങളില്‍, പാടലീപുത്രങ്ങളില്‍
ഇരവിലാദിയില്‍, ഇടയില്‍, അന്തിനേരങ്ങളില്‍
ഇവിടെയിപ്പോഴവസാനമെന്‍ ജനല്‍ച്ചില്ലിലും..

ചിതറും ചിന്തയും, പുറത്തു പെയ്യും മരങ്ങളും
വെറുതെയെന്തിനോവേണ്ടിപ്പെയ്തു മറയും മേഘങ്ങളും
കുറിച്ചതെന്തീ വരണ്ട മണ്ണിലും നിലാവിലും
നിറച്ചതെന്തെന്‍ തളര്‍ന്ന കണ്ണിലും മനസ്സിലും...

Wednesday, November 15, 2006

മഴ: ഭാവം മൂന്ന്-പ്രണയം.

നിലാവ്‌
======

മഴ പെയ്തുതോര്‍ന്നൊരീ രാത്രിയില്‍
നിലാവിനെന്തൊരഴകാണു തോഴീ
കുളികഴിഞ്ഞീറനാം നിന്‍ മുടി-
ക്കെട്ടിലെക്കുടമുല്ലമൊട്ടിനെപ്പോലെ.

അരികത്തുപൂത്തുനില്‍ക്കുന്നൊരീ
നിശാഗന്ധിക്കെന്തു മസ്രുണമാം ഗന്ധം.
നിന്‍ നിറവാര്‍ന്നൊരുള്‍ക്കാമ്പിലെനി-
യ്ക്കായ്‌ പൂത്ത പ്രണയപുഷ്പങ്ങള്‍ പോലെ.

അകലെയെവിടെയോ കേള്‍ക്കുമാ
രാക്കിളിപ്പാട്ടിന്നതേ സ്വരം
നീയനുരാഗലോലയായെനി-
യ്കായ്‌ തീര്‍ത്ത പ്രണയഗീതങ്ങള്‍ പോലെ.

തരുനിരകള്‍ക്കിടയിലൂടെന്നി-
ലിറ്റു വീഴുന്നൊരീ മഴനീര്‍ക്കണം
നിന്‍ പ്രണയാര്‍ദ്രമൊരു ചുംബന-
ത്തിന്‍ നേര്‍ത്ത മധുരഭാവങ്ങള്‍ പൊലെ.

ഇടയ്ക്കു മന്ദം മൂളിയെത്തുന്ന
കാറ്റിന്‍ സ്നേഹമൃദുലമാം സ്പര്‍ശം
നിന്‍ മൂകസാന്ത്വനം പേറുമൊരു
നേര്‍ത്ത കരലാളനത്തിന്റെ സൌഖ്യം.

നിന്റെ വികാരങ്ങളടിമുടി-
യുള്‍ക്കൊണ്ടു പൂത്തുനില്‍ക്കുന്നൂ പ്രക്രുതി.
നിന്റെ പ്രണയത്തിനടിപ്പെട്ടു
പോയതെന്റെ മുജ്ജന്മത്തിന്റെ സുക്രുതം.

വെറുതെയാശിച്ചുപോയീ ഞാനും
ഈ നിലാവു മറയാതിരുന്നെങ്കില്‍
ഈ രാവിനിപ്പുലരാതിരുന്നെങ്കി-
ലീ പ്രണയം മരിയ്ക്കാതിരുന്നെങ്കില്‍...

Thursday, September 07, 2006

മഴ: ഭാവം രണ്ട്‌ - ദൈന്യം

നഗരത്തിലെ മഴ
============
നരച്ച നഗരത്തിന്മേ-
ലിരുണ്ട കാര്‍മേഘങ്ങള്‍
കടുത്തൊരാവേഗത്താല്‍...
കറുത്ത മഴയായ്‌ പെയ്കേ..

അഴുക്കു ചാലുകള്‍ക്കുള്ളില്‍
നുരഞ്ഞു പൊങ്ങുന്നേതോ.
വിഴുപ്പുകെട്ടിന്നൊപ്പം
മരിച്ച സ്വപ്നങ്ങളും..

കറുത്ത രാത്രികള്‍ തീര്‍ത്ത
കടുത്ത വിശപ്പിന്‍ ബാക്കി.
നിവര്‍ന്നു നീണ്ടൊരീ പകല്‍
കുടിച്ചു വറ്റിയ്ക്കവേ.........

ഒഴുക്കിക്കൊണ്ടുപോയ്‌ മഴ
പലര്‍ക്കുമത്താഴങ്ങള്‍..
അഴുക്കിന്നുള്ളില്‍നിന്നും
തിമിര്‍ത്തൂ രോഗാണുക്കള്‍..

വെളുത്ത പുഴുക്കൂട്ടത്തെപ്പോല്‍.
നുളയ്ക്കും മനുഷ്യാത്മാക്കള്‍..
തിരക്കി തിടുക്കം കൂട്ടീ..
നിലച്ചുപോയ്‌ ഗതാഗതം..

കരിഞ്ഞ പെട്രോള്‍ ഗന്ധം..
നിറഞ്ഞൊരോട തന്‍ നിറം..
കുഴഞ്ഞ തെരുവോരത്തിന്‍
വിശപ്പിന്‍ തീരാനോവും..

കൊഴുക്കും വരേണ്യവര്‍ഗ്ഗം
അഴുക്കും പുറമ്പോക്കുമെല്ലാം
ഇവിടെ പെയ്തുതോരുന്നൊരീ
മഴതന്‍ തീരാശാപം...

പുറത്തുപെയ്തു തീരുന്ന
കറുത്ത തുള്ളികള്‍ക്കൊപ്പം
കൊഴിഞ്ഞു വീഴുന്നതെന്‍
നനുത്ത പുഷ്പങ്ങളോ??

Wednesday, August 16, 2006

മഴ : ഭാവം ഒന്ന് - വിരഹം

ഒരു കുയിലിന്റെ കാത്തിരിപ്പ്‌
===================
ഋതുമാറി മഴമേഘമൊരു രാത്രികാലേ
പ്രഥമപ്രവാഹത്തിനഭിവാഞ്ഛയുമായ്‌
ഒളിതൂകിനില്‍ക്കുമാ ചാരുശശിബിംബം
പതിയേ മറച്ചുകൊണ്ടെത്തിനോക്കി.

വരവിന്റെ ദൂതുമായൊരുകൊച്ചുതെന്നല്‍
മയങ്ങും തരുക്കളെ തഴുകിപ്പറന്നു
വനരാജി നിനയാതെ വന്ന മഴമുത്തുകളെ
നടമാടിയിലകളിലേറ്റു വാങ്ങി.

രാവിന്റെ മാറില്‍ തലചായ്ച്ചുറങ്ങും
ആണ്‍കുയില്‍ മഴയില്‍ കുതിര്‍ന്നു
കോകിലമാ മൃദുസ്പര്‍ശനത്തില്‍
ഗതകാലസ്വപ്നങ്ങള്‍ വിട്ടുണര്‍ന്നു.

രാവിന്‍ നിശബ്ദത ഭേദിച്ചുകൊണ്ട-
ലറുന്ന മഴയില്‍ വെറുതേ
മഴയെശ്ശപിക്കുവാനറിയാതെ പാവം
കുയിലേകനായ്‌ കരഞ്ഞൂ.

ഇനിയിണക്കുയിലിനെത്തേടിയെന്‍
കുയില്‍നാദമുയരില്ല, ചില്ലയില്‍
കൊക്കുരുമ്മാനിനിയിണപ്പക്ഷിയെത്തില്ല, വീണ്ടും
കുയിലേകനായ്‌ വിതുമ്പീ.

ഇനിയെത്ര ദൂരം വസന്തത്തിലേയ്ക്കെ-
ന്നറിയാതെ വ്യര്‍ത്ഥമാം വഴിക്കണ്ണുമായ്‌
കുയില്‍നാദമില്ലാതെ, കളഗാനമില്ലാതെ
കാത്തിരിക്കുന്നു ഞാന്‍ നിന്നെ.