Wednesday, November 15, 2006

മഴ: ഭാവം മൂന്ന്-പ്രണയം.

നിലാവ്‌
======

മഴ പെയ്തുതോര്‍ന്നൊരീ രാത്രിയില്‍
നിലാവിനെന്തൊരഴകാണു തോഴീ
കുളികഴിഞ്ഞീറനാം നിന്‍ മുടി-
ക്കെട്ടിലെക്കുടമുല്ലമൊട്ടിനെപ്പോലെ.

അരികത്തുപൂത്തുനില്‍ക്കുന്നൊരീ
നിശാഗന്ധിക്കെന്തു മസ്രുണമാം ഗന്ധം.
നിന്‍ നിറവാര്‍ന്നൊരുള്‍ക്കാമ്പിലെനി-
യ്ക്കായ്‌ പൂത്ത പ്രണയപുഷ്പങ്ങള്‍ പോലെ.

അകലെയെവിടെയോ കേള്‍ക്കുമാ
രാക്കിളിപ്പാട്ടിന്നതേ സ്വരം
നീയനുരാഗലോലയായെനി-
യ്കായ്‌ തീര്‍ത്ത പ്രണയഗീതങ്ങള്‍ പോലെ.

തരുനിരകള്‍ക്കിടയിലൂടെന്നി-
ലിറ്റു വീഴുന്നൊരീ മഴനീര്‍ക്കണം
നിന്‍ പ്രണയാര്‍ദ്രമൊരു ചുംബന-
ത്തിന്‍ നേര്‍ത്ത മധുരഭാവങ്ങള്‍ പൊലെ.

ഇടയ്ക്കു മന്ദം മൂളിയെത്തുന്ന
കാറ്റിന്‍ സ്നേഹമൃദുലമാം സ്പര്‍ശം
നിന്‍ മൂകസാന്ത്വനം പേറുമൊരു
നേര്‍ത്ത കരലാളനത്തിന്റെ സൌഖ്യം.

നിന്റെ വികാരങ്ങളടിമുടി-
യുള്‍ക്കൊണ്ടു പൂത്തുനില്‍ക്കുന്നൂ പ്രക്രുതി.
നിന്റെ പ്രണയത്തിനടിപ്പെട്ടു
പോയതെന്റെ മുജ്ജന്മത്തിന്റെ സുക്രുതം.

വെറുതെയാശിച്ചുപോയീ ഞാനും
ഈ നിലാവു മറയാതിരുന്നെങ്കില്‍
ഈ രാവിനിപ്പുലരാതിരുന്നെങ്കി-
ലീ പ്രണയം മരിയ്ക്കാതിരുന്നെങ്കില്‍...

6 comments:

ഹരിശ്രീ (ശ്യാം) said...

മഴ: ഭാവം മൂന്ന്-പ്രണയം.
(അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊണ്ടു..)

സു | Su said...

അത് മാത്രമാണോ പ്രണയം? പുലര്‍ന്നാല്‍ ഇതിലും നല്ല പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുകൂടേ?

എഴുതിയത് നന്നായിട്ടുണ്ട്. :)

ഹരിശ്രീ (ശ്യാം) said...

പുലരുമ്പോള്‍ എല്ലാം ഒരു സ്വപ്നമായിരുന്നെന്ന തിരിച്ചറിയലില്‍ പ്രക്രുതിദൃശ്യങ്ങള്‍ ഒരു കൂട്ടം കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്കിടയില്‍ അലിഞ്ഞില്ലാതാകുമ്പോള്‍..

വീണ്ടുമാശിച്ചുപോയ്‌ ഞാനും.
ഈ പ്രക്രുതി നശിക്കാതിരുന്നെങ്കില്‍..
ഈ പ്രണയം മരിക്കാതിരുന്നെങ്കില്‍....

Anonymous said...

മഴക്കവിതകളെല്ലാം മനോഹരം.
ആശംസകള്‍.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഹരി ശ്രീ

നിലാവിന്‍ തെളിമയില്‍
നിറമിഴികളായ്‌
ഒഴുകിയെന്നരികില്‍ വന്നെത്തും
മഴത്തുള്ളികളെ
ആര്‌ നല്‍കി നിനക്കീ മനോഹര നാം


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

പ്രണയ നൊബരങ്ങളിലെ
വരണ്ടുണങ്ങിയ മനസ്സുകളില്‍
സാന്ത്വനത്തിന്‍ വിത്തുകള്‍ പാകി
സ്നേഹത്തിന്‍ കതിര്‍മണികല്‍ കൊയ്യും
മഴത്തുള്ളികളുടെ ഉത്‌സവം കാണന്‍
പോകാം നമ്മുക്കൊന്നയ്‌