Wednesday, December 16, 2009

നഗരത്തിലെ മഴ (വൃത്തം : ജ്വാല)

നരച്ച പട്ടണത്തിലീ-
യിരുണ്ട മേഘസഞ്ചയം
കടുത്തൊരാധികള്‍ തരും
കറുത്ത പേമഴക്കുടം

അഴുക്കു ചാലുകള്‍ക്കകം
നുരഞ്ഞു പൊങ്ങുമാ ജലം
വിഴുപ്പുകെട്ടുകള്‍ തരും
മരിച്ച ഭാവി തന്‍ നിറം

കറുത്ത രാത്രികള്‍ പെറും
കടുത്തൊരീ വിശപ്പിനെ
നിവര്‍ന്നു നീണ്ടതാം പകല്‍
കുടിച്ചു തീര്‍ക്കയാണിതാ

ഒഴുക്കിലങ്ങെടുത്തുപോയ്
പലര്‍ക്കുമാളുമന്നവും
അഴുക്കിനുള്ളില്‍ നിന്നതാ
തിമിര്‍ത്തു രോഗബീജവും

വെളുത്ത, വന്‍പുഴുക്കളായ്
നുളയ്ക്കുമീ മനുഷ്യരോ
തിരക്കിയങ്ങുമിങ്ങുമേ
നിലച്ചുപോയ്‌ ഗതാഗതം.

കരിഞ്ഞ ഗന്ധമിന്ധനം
നിറഞ്ഞൊരോട തന്‍ നിറം
കുഴഞ്ഞിരുണ്ട ചേരികള്‍
വിശന്നുനോവുമാളുകള്‍

കൊഴുക്കയാണു പട്ടണം
കുതിയ്ക്കയാണു ജീവിതം
അഴുക്കിനൊപ്പമീമഴ-
യ്ക്കൊടുക്കമെന്തു ബാക്കിയാം .

പുറത്തുപെയ്തു തീരുമീ
കറുത്ത തുള്ളികള്‍ക്കിടെ
കൊഴിഞ്ഞു വീഴ്കയാണിതാ
നനുത്തൊരീ സുമങ്ങളും

2 comments:

ഹരിശ്രീ (ശ്യാം) said...

നഗരത്തിലെ മഴ
" നരച്ച പട്ടണത്തിലീ-
യിരുണ്ട മേഘസഞ്ചയം
കടുത്തൊരാധികള്‍ തരും
കറുത്ത പേമഴക്കുടം "

ശ്രീ said...

ശ്യാമേട്ടാ...

തിരിച്ചെത്തി അല്ലേ? ദെവിടായിരുന്നു ഇത്ര നാള്‍?

കവിത വളരെയേറെ ഇഷ്ടപ്പെട്ടു.

"കരിഞ്ഞ ഗന്ധമിന്ധനം
നിറഞ്ഞൊരോട തന്‍ നിറം
കുഴഞ്ഞിരുണ്ട ചേരികള്‍
വിശന്നുനോവുമാളുകള്‍

കൊഴുക്കയാണു പട്ടണം
കുതിയ്ക്കയാണു ജീവിതം
അഴുക്കിനൊപ്പമീമഴ-
യ്ക്കൊടുക്കമെന്തു ബാക്കിയാം"

ഈ വരികളില്‍ തന്നെ എല്ലാമുണ്ട്. ആശംസകള്‍!

ഇനിയും എഴുതുക.